Feb 18, 2009

അവഗണന

ആദ്യമായ് എന്നില്‍ ഓര്‍മ്മ വന്ന നാള്‍മുതല്‍
അദമ്യമായ് മാറിയ ആഗ്രഹം ഒന്നുണ്ട്..
ആരാരും കാണാതെ ഒന്നൊന്നും അറിയാതെ
ആരാമത്തില്‍ എന്നും വിടരുമെന്ന്...

ഒഴിഞ്ഞൊരു കോണിലായ് , കൊച്ചു മുല്ലക്കരികിലായ്
ഒരു കൊച്ചു ചട്ടിയില്‍ ഞാന്‍ വളര്‍ന്നു..
ഓരത്ത് നില്‍ക്കുന്ന പിച്ചിയും,മന്ദാരവും
ഓരോന്നു പറഞ്ഞപ്പോള്‍ ദു:ഖമായി

വെള്ളം ഒഴിക്കുവാന്‍ വെള്ളക്കൊലുസിട്ടവള്‍
‍വെള്ളിയാഴ്ചകള്‍ മാത്രം വന്നതില്ല
വെട്ടം പുലരുമ്പോള്‍ ഒരു വഴിക്കണ്ണുമായ്
വെള്ളം ലഭിക്കാനായ് കാത്ത് നിന്നു

നാള്‍ക്ക് നാള്‍ ഞാനെന്റെ ജീവിത യാത്രയില്‍
നാളുകള്‍ ഓരോന്നും എണ്ണി നീക്കി
എന്നെന്നും വന്നെത്തും എന്നു ഞാന്‍ കൊതിച്ചൊരാ..
കൊലുസിന്‍ കിലുക്കം പിന്നെ വന്നതില്ല

വളര്‍ന്നു വലുതായി മുള്ളുകള്‍ നിറഞ്ഞെന്നെ-
വന്നു തലോടുവാന്‍...അവളുടെ...
വിരലാല്‍ എന്‍ നിറുകയില്‍ സ്പര്‍ശിക്കുവാന്‍..
അവള്‍ പേടിച്ചു അകലുകയാണെന്നറിഞ്ഞു

കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞെന്റെ മേനിയില്‍
‍ഞാന്‍ എന്റെ കൈകാളാല്‍ വരിഞ്ഞമര്‍ത്തി
എന്നില്‍ ഞാന്‍ അവള്‍ക്കായ് വിടര്‍ത്തിയ
ചുവന്നൊരീ പുഷ്പത്തെ , എന്റെ കണ്ണൂനീരാല്‍
‍സുഗന്ധ പൂരിതമാക്കട്ടെ എന്നേയ്ക്കുമായ് ഞാന്‍

No comments: