Aug 13, 2008

യാത്ര

യാത്ര.

യാത്രയാകുന്നു ഞാന്‍ എന്നേയ്കൂമായിനി
ആരിരിക്കുന്നെനിക്കേകുവാന്‍ മംഗളം
ദൂരെയാ ഗ്രാമത്തില്‍ എനിയ്ക്കായ് എരിയുമാ
എരിവെളിച്ചത്തെ പുല്‍കുവാനായ്
ഉല്‍ക്കട വേഗത്താല്‍ ഒരുങ്ങട്ടെ ഞാനിനി
കാണുവാനില്ലിനിക്കാരെയും ഇനിയൊട്ടും
ജീവിത യാത്രയില്‍ ഞാന്‍ കണ്ട എന്റെയീ
സ്നേഹിതര്‍ക്കെല്ലാം വിടചൊല്ലട്ടെയിനിയും
ഓര്‍ക്കുവാന്‍ ഓര്‍മ്മയില്‍ സ്നേഹത്താല്‍ നിറച്ചൊരു
കൊച്ചു ചിമിഴു ഞാന്‍ എടുക്കട്ടെ കൂടിനി
സ്നേഹിതര്‍ സ്നേഹിച്ചു മന്ദഹസിച്ചവരില്ലിനി
ഇനിയെന്റെ യാത്രയില്‍ കാണുമോ അവരുടെ
അനുമോദനങ്ങളും, ഊഷ്മളസ്നേഹവും
സ്നേഹിച്ചു ഞാ‍ന്‍ അവരെ ജീവന്റെജീവനായ്
നല്‍കി ഞാന്‍ എന്റെയീ വ്യര്‍ഥമാം ജീവിതം
നാളിതു കാണാതെ കേള്‍ക്കാതെ പോയവര്‍
‍ഓര്‍ക്കുമോ എന്നെയീ അവസാനയാത്രയിലും
ദീര്‍ഘനാളത്തെ പട്ടണവാസത്തിലും
എന്റെയാ ഗ്രാമത്തിന്‍ ചിന്തകള്‍ ഒരിക്കലും
പോയില്ല എന്നില്‍ നിന്നെങ്ങും ഒരുനാളും
മേല്‍ക്കുമേല്‍ എന്നെയാ ഗ്രാമത്തിന്‍ ഓര്‍മ്മകള്‍
‍മാടി വിളിച്ചപ്പോള്‍ പോകാന്‍ കഴിഞ്ഞില്ല
ഇനി ചേരണം എനിക്കാ ജീവിത ഗന്ധമേറുന്നൊരാ
ഗ്രാമത്തിന്‍ പരിശുദ്ധിയില്‍ വൈകാതെ
എന്നെ ഞാനാക്കി വളര്‍ത്തിയ ഗ്രാമത്തെ
ഒരു നാളും, ഒരു നേരം മറന്നിരുന്നില്ല ഞാന്‍
ഏകനായ് ഞാനീ ജീവിത യാത്രയില്‍
‍ഏകാന്ത ചിത്തനായ് ധ്യാനിച്ചിരുന്നപ്പൊഴും
എന്റെയാ ഗ്രാമവും വീടും തൊടികളും
എപ്പോഴും ശബ്ദത്താല്‍ മുഖരിതമായിരുന്നിടം
കാലങ്ങള്‍ പുല്‍കി വളര്‍ത്തിയ വീടും, അതിന്നുള്ളില്‍
‍ഇരുള്‍ വീണ വിജനമാം ഇടനാഴികളും ഓര്‍ത്തു ഞാന്‍
‍എത്ര ദീര്‍ഘമായ് ഞാന്‍ ചിന്താ നിമഗ്നനായ്
മാറിയിരുന്നാ സ്വപ്നഗ്രഹത്തിന്‍ സ്മരണകളാല്‍
‍സ്കൂളിലേക്കെന്നോതി എന്നെയെടുത്തമ്മ
തൊടിയിലൂടെങ്ങോട്ടോ കൊണ്ടുപോകുന്നതും
അമ്മതന്‍ നിഴല്‍ ദൂരെ മറഞ്ഞ നേരത്തെന്റെ-
അമ്മേയെന്നലറി കരഞ്ഞു ഞാന്‍ ഓടിയതും
തെല്ലുപകച്ചമ്മ സന്തോഷമോടെന്നെയെടുത്ത്
എന്തു വിക്രുതിയാണെന്‍ മകനെന്നുച്ചത്തില്‍
‍ശാസിച്ചനേരത്തു പിന്നെ ചിരിച്ചതും
വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞാലും മറക്കുമോ
നിഴല്‍ വീണ സ്കൂളിന്റെ നിശ്ശബ്ദമാം മുറികളും
സ്നേഹമോടെന്നെ ലാളിക്കാന്‍ ആളുകള്‍ ചുറ്റിനും
ബാല്യകാലത്തിന്റെ നിറമുള്ളൊരോര്‍മ്മയായ്
പിന്നിട്ട കാലത്തിന്റെ ശേഷിപ്പുകള്‍ ഏകമായ്
ഇരുള്‍ മൂടി വിജനമാം നീണ്ടിടനാഴികള്‍-
പേറുന്ന നിശ്ശബ്ദ ഭവനത്തിന്റെ ഓര്‍മ്മകളെന്നെ
അസ്വസ്തനാക്കീടുന്നതെന്തെന്നു കരുതി ഞാന്‍
കയ്പേറും ചിന്തകള്‍ മനസ്സിനെ മഥിക്കുമ്പോള്‍
‍ഓര്‍മ്മകള്‍ക്കെന്നെ വിട്ടൊഴിയാനാകുമോ.?

6 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"നിഴല്‍ വീണ സ്കൂളിന്റെ നിശ്ശബ്ദമാം മുറികളും
സ്നേഹമോടെന്നെ ലാളിക്കാന്‍ ആളുകള്‍ ചുറ്റിനും
ബാല്യകാലത്തിന്റെ നിറമുള്ളൊരോര്‍മ്മയായ്"

ഒരുപാടു ഗൃഹാതുരത്വമുണര്‍ത്തുന്ന വരികള്‍! നന്നായിരിക്കുന്നു.

mayilppeeli said...

ഗൃഹാതുരത്വത്തിന്റെ നനവുള്ള വരികള്‍..വളരെ നന്നായിട്ടുണ്ട്‌

DeaR said...

വളരെ നന്ദി ജിതേന്ദ്രകുമാര്‍

DeaR said...

നന്ദി മയില്‍ പീലി....

Sapna Anu B.George said...

ഓര്‍മ്മകളിള്‍ നീ നിനച്ചിറങ്ങീ..
പടവാളുകള്‍ നീട്ടിയിറങ്ങീ..
ദു:ഖത്തിനും ദീര്‍ഘനിശ്വാസങ്ങള്‍ക്കും
വിലപേശുന്ന ഈലോകത്താരെ നീ,
തിരയുന്നു നിസ്വാര്‍ധം,നിര്‍ലോഭം.
എന്നും നിനക്കു നീ മാത്രം തുണ,
മറക്കരുതൊരിക്കലും ഇതു നീ ജന്മം.

DeaR said...

ഓര്‍മ്മകള്‍ ഓളമായ് ഒഴുകി എത്തുമ്പോള്‍
ഞാന്‍ എനിയ്ക്കു തന്നെ അന്യനാകുന്നു
നഷ്ടബാല്യത്തിന്റെ ശിഷ്ടമാം ഓര്‍മ്മായില്‍
ഞാന്‍ എന്നെ തന്നെ തിരയുന്നു